സിനിമകളിൽ വിഎഫ്എക്സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്‌ഷൻ രംഗങ്ങൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമയായ ‘ടെനറ്റി’ൽ ബോയിങ് 747 വിമാനമാണ് ഒരു രംഗത്തിനായി പൂർണമായും തകർത്തുകളഞ്ഞത്. പുതിയ സിനിമയായ ‘ഓപ്പൺഹൈമർ’ ആറ്റംബോബിനെക്കുറിച്ചാണ്. അപ്പോൾ പിന്നെ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. ഓപ്പൺഹൈമറിനു വേണ്ടി യഥാർഥ ന്യൂക്ലിയർ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാർത്തയായായിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സിനിമയിൽ വിഎഫ്എക്സ് രംഗങ്ങളേ ഇല്ലെന്നാണ് ക്രിസ്റ്റഫർ നോളൻ വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ വെള്ളിത്തിരയിൽ പ്രേക്ഷകർ കാണാന്‍ പോകുന്നത് ‘സിനിമാ സ്ഫോടനം’ തന്നെയാകും
ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം അടുത്ത വർഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും.
1945ൽ ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ നടന്ന ട്രിനിറ്റി ടെസ്റ്റ്( മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്.തന്റെ സിനിമകളിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാകും ഓപ്പൺഹൈമറെന്ന് നോളൻ പറയുന്നു. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാൻ ഹൊയ്ടെമയാണ് ഓപ്പൺഹൈമറിന്റെ ക്യാമറ. ആറ്റംബോംബിന്റെ നിർമാണവും രണ്ടാംലോക മഹായുദ്ധവും ഇതിൽ പശ്ചാത്തലമാകും.