ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷനില്‍ ഓഫ് ലൈന്‍ ഡൗണ്‍ലോഡും സ്‌പെല്‍ ചെക്കറും അടക്കമുള്ള പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. ഫ്‌ലാഷില്‍ നിന്നും എച്ച്ടിഎംഎല്‍ 5ലേക്കുള്ള മാറ്റമാണ് ക്രോം 55ന്റെ മറ്റൊരു സുപ്രധാന മാറ്റമായി എടുത്തുകാണിക്കുന്നത്.
ക്രോം 55 ന്റെ മാക്, വിന്‍ഡോസ്, ലിനക്‌സ് വെര്‍ഷനുകള്‍ ഈ മാസം ആദ്യം തന്നെ ഗൂഗിള്‍ പുറത്തുവിട്ടിരുന്നു. ചിത്രങ്ങളും ദൃശ്യങ്ങളും വെബ് പേജുകളും എളുപ്പത്തില്‍ സേവ് ചെയ്യാമെന്നതും ഓഫ്‌ലൈനായി തന്നെ കാണാമെന്നതും ക്രോം 55വിന്റെ പ്രത്യേകതയായി ഗൂഗിള്‍ എടുത്തു കാണിക്കുന്നു. ഗൂഗിള്‍ ക്രോമിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഈ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്.
ക്രോം 55വില്‍ ചിത്രങ്ങളോ വിഡിയോകളോ നോക്കുമ്പോള്‍ തന്നെ സേവ് ഓപ്ഷനും ലഭിക്കും. മാത്രമല്ല ഡൗണ്‍ലോഡ് വിഭാഗത്തില്‍ ഇത്തരം ഫയലുകള്‍ എത്രമാത്രം വലിപ്പമുള്ളതാണെന്ന് വ്യക്തമായി കാണിക്കുകയും ചെയ്യും. അക്ഷരങ്ങളുള്ള ഫയലുകളാണെങ്കില്‍ സ്‌പെല്ലിങിലുള്ള തെറ്റുകളും ക്രോം 55 ചൂണ്ടിക്കാണിക്കും.
അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ക്രോം 55ന്റെ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വെര്‍ഷന്‍ കുറച്ച് മെമ്മറി മാത്രമേ ഉപയോഗിക്കൂ എന്നതും ശ്രദ്ധേയമാണ്.