വള്ളങ്ങളെ ഒഴിവാക്കി ക്ലബുകൾക്ക് പ്രധാന്യം നൽകി; ചുണ്ടൻവള്ള സമിതി ഹൈക്കോടതിയിലേക്ക്

ആലപ്പുഴ: വള്ളങ്ങളെ ഒഴിവാക്കി ക്ലബുകൾക്ക് പ്രധാന്യം നൽകി ലീഗ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടികാട്ടി പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിനെതിരെ ചുണ്ടൻവള്ള സമിതി ഹൈക്കോടതിയിലേക്ക്.

കഴിഞ്ഞ തവണത്തെ നെഹ്റു ട്രോഫിയിൽ മുന്നിലെത്തിയ ഒമ്പത് ക്ലബുകളെയാണ് സിബിഎല്ലിൽ ഉൾപ്പെടുത്തിയത്. ഈ തീരുമാനമാണ് ചുണ്ടൻവള്ളസമിതി ചോദ്യം ചെയ്യുന്നത്.

സിബിഎല്ലിന്റെ യോഗ്യതാ മത്സരമായി കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി പരിഗണിക്കില്ലെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. അങ്ങനെ പരിഗണിച്ചാൽ തന്നെ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ഒമ്പത് വള്ളങ്ങളെ തെരഞ്ഞെടുക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. എന്നാൽ ചുണ്ടൻവള്ളങ്ങൾക്ക് പകരം ആദ്യസ്ഥാനക്കാരായ ക്ലബുകളെ മാത്രം ലീഗിൽ ഉൾപ്പെടുത്തി.

ചുണ്ടൻവള്ളങ്ങൾക്കും തുഴച്ചിലുകാർക്കും സാമ്പത്തികമായും കായികമായും പ്രയോജനം കിട്ടുന്ന സിബിഎല്ലിന് സമിതി എതിരല്ലെന്നും എന്നാൽ വള്ളങ്ങൾക്ക് പകരം ക്ലബുകളെ മാത്രം പരിഗണിക്കുമ്പോൾ ചുണ്ടൻവള്ള സമിതികൾ തകരും.ഇത് നെഹ്റു ട്രോഫി മത്സരത്തെ പോലും ബാധിക്കുമെന്ന് ചുണ്ടൻവള്ള സമിതി ആരോപിച്ചു.

Top