പിറവം പള്ളിയിൽ സംഘർഷാവസ്ഥ ; ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ ഗേറ്റ് പൂട്ടി

കോട്ടയം : തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാംഗങ്ങള്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥ. പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. പള്ളി ഗേറ്റ് പൂട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കബോയ വിഭാഗം തടഞ്ഞത്.

എന്നാല്‍, പള്ളിയില്‍ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ആണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം.

അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ക്രൈസ്തവ സാക്ഷ്യത്തിന് ദോഷമുണ്ടാകാതിരിക്കാന്‍ ഇരുകൂട്ടരും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന ചര്‍ച്ച ചെയത് സമാവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കോടതി വിധിയും പറയുന്നത്. ആരാധനാ സ്വാതന്ത്രം ബലികഴിച്ചുകൊണ്ട് ആരാധാനാലയങ്ങളില്‍ നിന്ന് പോകാന്‍ ഇനി സാധിക്കില്ല. ബലപ്രയോഗമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇനിയങ്ങോട്ട് തങ്ങളുടെ ഒരു ആരാധനാലയം വിട്ടു നല്‍കില്ല. കോടതി വിധിക്ക് അകത്തുനിന്ന് തന്നെയാണ് സംസാരിക്കുന്നതെന്നും നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി പള്ളി പരിസരത്ത് പൊലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Top