സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ചത്തെ കുര്‍ബാനകള്‍ റദ്ദാക്കി

കൊളംബോ: സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ചത്തെ കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്കാ സഭ.

ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളില്‍ കുര്‍ബാനകള്‍ ഉണ്ടാകില്ലെന്നാണഅ അറിയിപ്പ്. വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ് മാല്‍ക്കം രഞ്ജിത് പറഞ്ഞു.

സുരക്ഷാ ഏജന്‍സികള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ സമയത്ത് അറിയിക്കാതിരുന്നതിനാല്‍ ചതിക്കപ്പെട്ട തോന്നലുണ്ടെന്നും താന്‍ അതീവ ദു:ഖിതനാണെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

അതേസമയം, ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ വീണ്ടും 15 പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഒരു കൂട്ടം ആളുകള്‍ അന്വേഷണ സംഘത്തിനെതിരെ നിറയൊഴിച്ചത്. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേരാണ് അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടത്.

സ്ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. പൊലീസിനും സൈന്യത്തിനും നേരെ നിറയൊഴിച്ചതിന് പിന്നാലെ സ്ഫോടന ആക്രമണവും ഉണ്ടായി. ഇത് ചാവേറുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. ഏറ്റമുട്ടലുകള്‍ക്കൊടുവില്‍ മൂന്ന് പേരെ സൈന്യം പിടികൂടിയിട്ടുണ്ട്.

സ്ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്റെ പതാക, യൂണിഫോം, രണ്ട് വാഹനങ്ങള്‍ എന്നിവയും സ്ഥലത്തെ വീടുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയൊക്കെ ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് കരുതുന്നത്.

Top