മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സ്ഥലം മാറ്റല്‍ മാത്രം, സസ്‌പെന്‍ഷന്‍ വേണ്ടെന്ന് തീരുമാനം

കൊച്ചി: മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.

അതേസമയം, സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ സിഐയുടെ കോലം കത്തിച്ചു.

മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

ഇതിനിടെ, മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

Top