ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം; മോഫിയയുടെ മരണത്തില്‍ സിഐ സുധീറിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മോഫിയയുടെ മരണത്തില്‍ സിഐ സുധീറിന് സസ്പെന്‍ഷന്‍. ഡിജിപിയാണ് സുധീറിന്റെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി. സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ് മൂന്ന് ദിവസമായി വലിയ പ്രതിഷേധമായിരുന്നു നടന്നത്. സുധീറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചാണ് ഡിജിപിയുടെ ഉത്തരവ്.

കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചര്‍ച്ചയ്ക്ക് പൊലീസ് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിഐയെ സ്ഥലം മാറ്റുകയും ചെയ്തു.

Top