വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ നിരക്ക് വര്‍ധന; നിഷേധിച്ച് സിയാല്‍

കൊച്ചി: വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന നിരക്ക് ഉയര്‍ന്നതാണെന്ന പ്രചരണം നിക്ഷേധിച്ച് സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമാണെന്നും സിയാല്‍ പറഞ്ഞു. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രൂപയാണ് ഈടാക്കുന്നത്. ഇത് കൊള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

യുഎഇ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന അതിവേഗ സംവിധാനമായ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. ഇത് ചിലവേറിയതാണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തുക മാത്രമെ ഈടാക്കുന്നുള്ളുവെന്നും സിയാല്‍ വിശദീകരിച്ചു.

യുഎഇ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലം മതി. അതാണ് നിരക്കുകള്‍ തമ്മില്‍ അന്തരമുണ്ടാകാന്‍ കാരണം. അതേസമയം വിദേശത്തു നിന്ന് വരുന്നവര്‍ക്കും പരിശോധനക്ക് തുക ഈടാക്കുന്നുവെന്ന പ്രചരണം സിയാല്‍ നിക്ഷേധിച്ചു. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തിനുള്ളിലുള്ള കോവിഡ് പരിശോധനകള്‍ സൗജന്യമെന്നാണ് വിശദീകരണം.

 

Top