സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2024 ല്‍ ആരംഭിക്കുമെന്ന് ദിലീപ്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകും. ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണനും സിബി തോമസുമായി പല വട്ടം സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ‘വോയ്സ് ഓഫ് സത്യനാഥന്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
”കുറേ സംഭവങ്ങള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്. കുറച്ചുകാര്യങ്ങള്‍ കൂടി കിട്ടാന്‍ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചു നില്‍ക്കണം, രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന സിനിമയില്‍ കണ്ടത് മൂസയെയും അര്ജുന് എന്ന നായയെയുമാണ്. അതു തന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക. നിങ്ങള്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ വലിയ മികവോടെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
സിഐഡി മൂസയും വാളയാര്‍ പരമശിവവുമാണ് രണ്ടാം ഭാഗം എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകള്‍. അതുകഴിഞ്ഞ് വീണ്ടുമൊരു ചര്‍ച്ച വന്നു, അതാണ് 2 കണ്ട്രീസ്. 3 കണ്ട്രീസ് എന്ന പേരില്‍ അതും പ്ലാന്‍ ചെയ്യുന്നുണ്ട്. നിര്‍മാതാവിനോടും ഇക്കാര്യം സംസാരിച്ചു. പെട്ടന്ന് ചെയ്യണമെന്നാണ് ആഗ്രഹം.”-ദിലീപ് പറഞ്ഞു.