cinema crisis

theatre

കൊച്ചി: സിനിമാ സമരം ഒത്തുതീര്‍പ്പാക്കാന്‍ കൊച്ചിയില്‍ ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയം. തീയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചുനിന്നു.

ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കു ആരും തയാറായില്ല. സിനിമാ സമരം തുടരുന്ന സാഹചര്യത്തിലാണ് അനുനയ ശ്രമവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയത്.

തീയറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു അനൗദ്യോഗിക ചര്‍ച്ചയാണ് ഇന്നു നടന്നത്.

ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ചേംബറിന്റെ ഇടപെടല്‍.

കഴിഞ്ഞ 30 മുതല്‍ കേരളത്തിലെ ഫെഡറേഷന്റെ കീഴിലുള്ള തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശനം നിര്‍ത്തിയിരുന്നു.

തീയറ്റര്‍ വിഹിതത്തെച്ചൊല്ലി ഉടമകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ തീയറ്ററുകളില്‍ നിന്ന് മലയാള സിനിമകള്‍ പിന്‍വലിച്ചത്.

ഡിസംബര്‍ 16 മുതല്‍ പുതിയ സിനിമകളുടെ റിലീസും ഷൂട്ടിംഗും നിര്‍ത്തിവച്ചിരുന്നു. ക്രിസ്മസ് ന്യൂ ഇയര്‍ ലക്ഷ്യമാക്കി റിലീസ് ആകാനിരുന്ന നാലോളം മലയാള സിനിമകളുടെ റിലീസ് പ്രതിസന്ധിയിലായിരുന്നു.

കൂടാതെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന സിനിമകളും പ്രതിസന്ധിയിലായിരിക്കുകയാണ്.

Top