തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് സ്ക്രീനില്‍ സിനിമ സൃഷ്ടിക്കുന്ന മായാജാലം കാണാന്‍ കഴിയുകയെന്ന് വിഖ്യാത സംവിധായകന് പെദ്രോ അല്‍മൊദോവര്‍. സിനിമ വലിയ സ്ക്രീനുകളില്‍ (തിയേറ്ററില്‍) പ്രദര്‍ശിപ്പിക്കുന്നതിനോടാണ് തനിക്ക് താത്പര്യം. അപരിചിതരായ ആളുകള്‍ നിറഞ്ഞ സദസ്സില്‍ ഇരുട്ടില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് സ്ക്രീനില്‍ സിനിമയുടെ മായാജാലം അനുഭവിച്ചറിയാന്‍ സാധിക്കുക. ഓരോ വ്യക്തികളും അത്തരമൊരു സാഹചര്യത്തില്‍ ഇരുന്ന് ചലച്ചിത്രത്തെ സ്വീകരിക്കുന്ന അനുഭവം വ്യത്യസ്തമായിരിക്കുമെന്നും അല്‍മൊദോവര്‍ പറഞ്ഞു.
തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്ക് വയ്ക്കുന്നതിനിടെയായിരുന്നു നെറ്റ്ഫ്ളിക്സ് കാഴ്ചാനുഭവത്തെ ചോര്‍ത്തിക്കളയുന്നതായി അല്‍മൊദോവര്‍ അഭിപ്രായപ്പെട്ടത്. ടിവിയിലും മൊബൈലിന്റെ ചെറിയ സ്ക്രീനിലും കാണുമ്പോള്‍ ഏകാഗ്രതയും താത്പര്യവും കാഴ്ചക്കാരനില്‍ കുറയാന്‍ സാധ്യതയുണ്ട്. വലിയ സ്ക്രീനില്‍ കാണുമ്പോള്‍ ലഭിക്കുന്ന സന്തോഷവും ആനന്ദവും ചെറിയ സ്ക്രീനിലെ കാഴ്ചയ്ക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
.