ഡല്‍ഹി: കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്ക് സിനിമാ തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കികേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. 2025 ജനുവരി മുതല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അവാര്‍ഡുകള്‍, സംസ്ഥാന ചലച്ചിത്രോത്സവങ്ങള്‍ എന്നിവയിലെ ചിത്രങ്ങള്‍ക്ക് ഈ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണമെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ നിബന്ധന രൂപപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 2016-ലെ റൈറ്റ്സ് ഓഫ് പേഴ്സന്‍സ് ആന്‍ഡ് ഡിസബിലിറ്റീസ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പൊതുപ്രദര്‍ശനത്തിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയ 72 മിനിറ്റില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള ഫീച്ചര്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും. ഇത് സംബന്ധിച്ച് ഫെബ്രുവരി എട്ടിനകം അഭിപ്രായങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരവും നല്‍കി.
വിവേചനമൊഴിവാക്കല്‍
സമൂഹത്തെ സമഗ്രമായി ഉള്‍ക്കൊള്ളല്‍, സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകള്‍, ഇന്ത്യന്‍ ചിഹ്നഭാഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നു.
മറ്റു നിര്‍ദേശങ്ങള്‍
ശ്രാവ്യവിവരണം ചുരുക്കത്തിലുള്ളതും യാഥാര്‍ഥ്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതുമാകണം. അടിക്കുറിപ്പുകള്‍ ചിത്രത്തിലെ സംഭാഷണവുമായി ചേരുന്നതായിരിക്കണം. പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ചും വിശദീകരിക്കണം. സംഭാഷണത്തിന്റെ സന്ദര്‍ഭം, രംഗങ്ങള്‍, മനോഭാവങ്ങള്‍ തുടങ്ങിയവയും വെളിവാക്കണം. അടിക്കുറിപ്പുകള്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ ഉച്ചരിക്കുന്ന വാക്കുകളോടും ശബ്ദങ്ങളോടും ചേര്‍ന്നുപോകണം. വായിക്കാന്‍ പര്യാപ്തമായ വേഗനിയന്ത്രണത്തോടെയായിരിക്കണം സ്‌ക്രീനില്‍ അവ പതിക്കേണ്ടത്. അടിക്കുറിപ്പുകള്‍ കൃത്യമായ വ്യാകരണം പാലിക്കണം. അക്ഷരത്തെറ്റുകള്‍ ഉണ്ടാകരുത്. അടിക്കുറിപ്പുകള്‍ കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങളിലായിരിക്കണം. സിനിമയിലെ അടിക്കുറിപ്പുകള്‍ സീറ്റിനടുത്ത് കാണാവുന്ന നിലയില്‍ മിറര്‍ കാപ്ഷനായി നല്‍കണം. സീറ്റിനടുത്ത് അടിക്കുറിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനായി ഒരു സ്റ്റാന്‍ഡ് വെക്കാം. വലിയ സ്‌ക്രീനിന് തൊട്ടുതാഴെ ചെറിയ സ്‌ക്രീന്‍ ഘടിപ്പിച്ചും അടിക്കുറിപ്പുകള്‍ പ്രദര്‍ശിപ്പിക്കാം.