ഇംഫാല്‍: മണിപ്പൂര്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു.
തന്റെ വകുപ്പില്‍ മുഖ്യമന്ത്രി അനാവശ്യമായി കൈകടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് അദ്ദേഹം രാജിവച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ജയന്തകുമാര്‍ രാജിക്കത്ത് നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി രാഷ്ട്രീയ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ ഡല്‍ഹിക്ക് പുറപ്പെട്ടു. സഖ്യകക്ഷിയായ എന്‍പിപിയുടെ മന്ത്രിയാണ് ജയന്തകുമാര്‍. നാല് എംഎല്‍എമാരുള്ള എന്‍പിപിയുടെ സഹായം കൂടി നേടിയാണ് മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഒക്‌റാം ഇബോംചയെ തന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രി പുറത്താക്കിയതാണ് ജയന്തകുമാറിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയായിരുന്നു. പ്രത്യേകിച്ച് ഒരുകുറ്റവും ചുമത്താതെ അച്ചടക്ക നടപടിയുടെ പേരില്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് ജയന്തകുമാറിന്റെ പരാതി.
മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തിയ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും എന്നാല്‍ തന്റെ വകുപ്പുകളിലെ അനാവശ്യ ഇടപെടലുകള്‍ കാരണം നല്ല രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നുമാണ് രാജിക്കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.