വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം ; ഇന്ത്യാ ഗേറ്റിന് മുമ്പില്‍ പ്രതിഷേധവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും അക്രമം ആളിക്കത്തുമ്പോള്‍ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ, എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ഇന്ത്യാ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധ പ്രകടനം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് പ്രിയങ്ക തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്. പല കോളേജുകളിലും വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും മദ്രാസ് ഐ.ഐ.ടി ഉള്‍പ്പെടെ വിവിധ ക്യാമ്പസുകളിലും പ്രതിഷേധം തുടരുകയാണ്.

അതേസമയം, ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലകള്‍ക്കു പിന്നാലെ ലഖ്നൗവിലെ നദ്‌വത്തുല്‍ ഉലമാ അറബിക് കോളേജിനു മുമ്പിലും പൊലീസ്-വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായി.

കോളേജിനുള്ളില്‍നിന്ന് പോലീസിന് നേരേ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. കോളേജ് ക്യാമ്പസില്‍ സംഘടിച്ച വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പോലീസ് ഗേറ്റ് പൂട്ടിയിട്ടു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് തുടങ്ങിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ശക്തമായി തുടരുകയാണ്. അതിന്റെ ഭാഗമായാണ് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നദ്‌വ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്.

ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. പോണ്ടിച്ചേരി സര്‍വകലാശാല, ഐഐഎസ്സി ബെംഗളൂരു, ജാദവ്പുര്‍ സര്‍വകലാശാല തുടങ്ങിയ ക്യാമ്പസുകളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

മാത്രമല്ല പൗരത്വ ഭാദഗതി നിയമത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

Top