തദ്ദേശസ്ഥാപനങ്ങളുടെ ‘സിറ്റിസണ്‍ പോര്‍ട്ടല്‍’; ഓണ്‍ലൈനായി ലഭിക്കുക 213 സേവനങ്ങള്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ ‘സിറ്റിസണ്‍ പോര്‍ട്ടല്‍’ വഴി ഓണ്‍ലൈനായി ലഭിക്കുക 43 മേഖലയിലെ 213 സേവനം. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ളവ ഓണ്‍ലൈനായിത്തന്നെ ലഭിക്കും. ഓരോരുത്തര്‍ക്കും പ്രത്യേകം ഇന്‍ബോക്‌സ് സംവിധാനമുണ്ടാകും. സാക്ഷ്യപത്രങ്ങള്‍, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ലൈസന്‍സുകളും അനുമതികളും, കെട്ടിടങ്ങള്‍, പരാതികള്‍, അപ്പീലുകള്‍, നികുതികള്‍, വിവരാവകാശ നിയമം, നിയമ സഹായം, പൊതുസുരക്ഷ, പൊതു സൗകര്യങ്ങള്‍, വികേന്ദ്രീകൃത ആസൂത്രണം, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ മെനുവിലാണ് സേവനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

ആവശ്യമുള്ള സേവനത്തില്‍ ക്ലിക്ക് ചെയ്താല്‍ അവയുമായി ബന്ധപ്പെട്ടവ സ്‌ക്രീനില്‍ തെളിയും. മറ്റുള്ളവരുടെ അപേക്ഷയും നല്‍കാം. എന്നാല്‍, ഉത്തരവാദിത്വം ലോഗിന്‍ ചെയ്യുന്ന വ്യക്തിക്കാകും. ഓരോ അപേക്ഷയ്ക്കും കൊടുക്കേണ്ട രേഖകള്‍ പോര്‍ട്ടലില്‍ ഉണ്ടാകും. അവ അപ്ലോഡ് ചെയ്താലേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. അനുബന്ധ രേഖകള്‍ ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കാനാവും. ഗൂഗിള്‍ പേ അടക്കമുപയോഗിക്കാം. അപേക്ഷ നല്‍കിയശേഷം ഫീസ് അടയ്‌ക്കേണ്ടതുണ്ടെങ്കില്‍ അവയും അറിയിക്കും.

വെബ് പോര്‍ട്ടല്‍ വിലാസം:  Citizen.lsgkeral a.gov.in

എങ്ങനെ ഉപയോഗിക്കാം
ആധാര്‍ നമ്പര്‍, ആധാര്‍ നമ്പരിലേത് പോലെ പേര്, ആധാറില്‍ നല്‍കിയ ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക. താല്‍ക്കാലിക പാസ്വേഡ് മെയിലിലും ഫോണിലും വരും. തുടര്‍ന്ന് മെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ യൂസര്‍ ഐഡിയായി നല്‍കി താല്‍ക്കാലിക പാസ്വേഡ് ഉപയോഗിച്ച് കയറി പാസ്വേഡ് മാറ്റുക.

തുടര്‍ന്ന് ലോഗിന്‍ ചെയ്യുക. മെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ ആണ് യൂസര്‍ ഐഡി. ലോഗിന്‍ ചെയ്ത് സ്വന്തം പേരും വിലാസവും ചേര്‍ത്താല്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് തുടങ്ങാം.

ലഭിക്കുന്ന പ്രധാന സേവനങ്ങള്‍
● ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
● ബിപിഎല്‍ സാക്ഷ്യപത്രം
● സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സാക്ഷ്യപത്രം
● വാര്‍ധക്യ, വിധവാ, വികലാംഗ പെന്‍ഷന്‍
●കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍
● 50 വയസ്സ് കഴിഞ്ഞ വിധവകള്‍ക്കുള്ള പെന്‍ഷന്‍
●തൊഴില്‍ രഹിത വേതനം
● -ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധി
● സിനിമാ പ്രദര്‍ശന ലൈസന്‍സ്
● -പന്നി, പട്ടി വളര്‍ത്താനുള്ള ലൈസന്‍സ്
● കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം, കൈവശാവകാശം
●കെട്ടിട നിര്‍മാണ ലൈസന്‍സ്
● വസ്തു നികുതി, കെട്ടിട നികുതി അപ്പീലുകള്‍
● തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ് അപേക്ഷ

Top