ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ജാമിയ വിദ്യാര്‍ഥികളടക്കം വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത സംയുക്ത മാര്‍ച്ച് ഇന്ന് നടക്കും. ഉച്ചക്ക് മണ്ഡി ഹൌസില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും
ജാമിയ കോഡിനേഷന്‍ കമ്മിറ്റിയും ടീച്ചേഴ്‌സ് അസോസിയേഷനും യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റും അടക്കമുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധവുമായി എത്തുന്നത്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് 12 .30 ഓടെ മണ്ഡി ഹൌസില്‍ നിന്ന് മാര്‍ച്ച് തുടങ്ങും. ഹം ഭാരത് കെ ലോഗ് ഹെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചാണ് പ്രതിഷേധം.
ഇന്നലെ ഡല്‍ഹിയിലെ യു.പി, അസം ഭവനുകള്‍ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുസ്ലിം ലീഗ് നേതാക്കളായ സി.കെ സുബൈര്‍, സാബിര്‍ ഗഫ്ഫാര്‍, ടി.പി അഷ്‌റഫലി എന്നിവരെയും ജെ.എന്‍.യു വിദ്യാര്‍ഥികളെയുമാണ് കരുതല്‍ തടങ്കലില്‍ വെച്ചത്. വൈകിട്ടോടെ മാത്രമാണ് ഇവരെ വിട്ടയച്ചത്.