ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും:അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാന്‍ വേണ്ടിയുള്ളതല്ല CAA. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കാനാണ് സിഎഎ ലക്ഷ്യമിടുന്നത്. യൂണിഫോം സിവില്‍ കോഡ് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട ഭരണഘടനാ അജണ്ടയാണെന്നും അമിത് ഷാ.

ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി), ശിരോമണി അകാലിദള്‍ (എസ്എഡി), മറ്റ് ചില പ്രാദേശിക പാര്‍ട്ടികള്‍ എന്നിവ എന്‍ഡിഎയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ചും ഷാ പ്രതികരിച്ചു. ഒരു ‘കുടുംബം’ എന്ന കാഴ്ചപ്പാടാണ് ബിജെപിക്ക് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2024ലെ തെരഞ്ഞെടുപ്പ് എന്‍ഡിഎയും ഇന്ത്യാ പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് വികസനവും അതിനെ ഒരുമിച്ച് എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്നും ഷാ പറഞ്ഞു.വീണ്ടും പ്രതിപക്ഷ ബഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നമ്മള്‍ റദ്ദാക്കി. രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ 370 സീറ്റുകളും എന്‍ഡിഎയെ 400ല്‍ അധികം സീറ്റുകളും നല്‍കി അനുഗ്രഹിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ട് – ഷാ കൂട്ടിച്ചേര്‍ത്തു.

ET NOW ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആര്‍ക്കും സംശയം വേണ്ട. ബിജെപി വന്‍ ജയം നേടും. ബിജെപിക്ക് 370 സീറ്റും എന്‍ഡിഎയ്ക്ക് 400 സീറ്റും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു.

Top