കാസർകോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ജനങ്ങളെ വർഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയത നാടിന് ആപത്താണ്. അതിനെ പൂർണമായി തൂത്തുമാറ്റണം”
ന്യൂനപക്ഷസംരക്ഷണം ആർഎസ്‌എസിനെതിരെ സ്വയം സംഘടിച്ച് നേരിട്ട് നടപ്പാക്കാനാവില്ല. ഇടത് ജനാധിപത്യശക്തികൾക്കൊപ്പം ചേർന്ന് നിന്നേ ന്യൂനപക്ഷസംരക്ഷണം നടപ്പാക്കാവൂ. ജമാഅത്തെ ഇസ‌്‌ലാമിയും എസ്ഡിപിഐയും ചെയ്യുന്നത് ആർഎസ്എസിന്റെ അതേ പ്രവർത്തികളെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് എൽഡിഎഫിന്റെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സിഎഎ പ്രകാരം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നടപടികൾ, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച ശേഷം തുടങ്ങുമെന്ന് അമിത്ഷാ പറഞ്ഞിരുന്നു.