മോദി-അമിത് ഷാ സര്‍ക്കാര്‍ ക്രിമിനല്‍ ആക്രമണം നടത്തുന്നു;ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമമാണ് പൗരത്വഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഇതൊരു ക്രിമിനല്‍ അക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

മോദി-അമിത് ഷാ സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ വംശീയമായ തുടച്ചുനീക്കലിനാണ് ശ്രമിക്കുന്നത്. ഇതൊരു ക്രിമിനല്‍ ആക്രമണമാണ്. അതാണ് അവരുടെ പാതയും ജീവിത രീതിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ശബ്ദത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു-രാഹുല്‍ ട്വീറ്റ് ചെയ്തു.

ലോക്സഭയില്‍ തിങ്കളാഴ്ച പാസാക്കിയ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിന് ലോക്സഭയില്‍ അനുകൂലമായി 311 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 80 പേര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.

അതേസമയം, ബില്ലിനെ കടന്നാക്രമിച്ച കോൺഗ്രസിനെതിരെ അതിലും രൂക്ഷമായ ആരോപണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്. ചിലർ സംസാരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയിലാണെന്ന് ആരോപിച്ച മോദി, ബില്ലിനെതിരായ കള്ളപ്രചാരണങ്ങൾ ചെറുക്കണമെന്ന് ആവശ്യപ്പെട്ടു.

ബില്ല് രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണ്. ബില്ല് ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടുമെന്നും മോദി പറഞ്ഞു.

Top