സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ കടമ്പ കടന്നു. വിവാദമായ ബില്‍ ഇനി ബലപരീക്ഷണം നേരിടുന്നത് രാജ്യസഭയിലാണ്. ബുധനാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ലോക്‌സഭയില്‍ അനായാസം പാസായ ബില്‍ രാജ്യസഭയിലും വലിയ വെല്ലുവിളികള്‍ നേരിടില്ലെന്നാണ് കരുതുന്നത്.
ജെഡിയു, ശിവസേന, ബിജെഡി എന്നിവര്‍ക്ക് പുറമെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ചില പാര്‍ട്ടികളും കൂടി പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതോടെയാണ് ലോക്‌സഭയില്‍ പ്രതിസന്ധികളില്ലാതെ ബില്‍ പാസായത്. 311 വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചപ്പോള്‍ 80 വോട്ടുകള്‍ മാത്രമാണ് എതിരായി രേഖപ്പെടുത്തിയത്. രാജ്യസഭയിലെ വഴിയും ഇതോടെ എളുപ്പമാകുമെന്നാണ് കരുതുന്നത്.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍, സിഖുകള്‍, ബുദ്ധമതസ്ഥര്‍, പാഴ്‌സികള്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നില്ലെന്നതാണ് ബില്ലിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് പ്രധാന കാരണം.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജെഡിയു, ബിജെഡി എന്നിവരെ കൂടെക്കൂട്ടി രാജ്യസഭയില്‍ കണക്കുകള്‍ മോദി സര്‍ക്കാര്‍ അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. നിലവില്‍ 240 അംഗങ്ങളുള്ള രാജ്യസഭയില്‍ എല്ലാ അംഗങ്ങളും വോട്ട് ചെയ്താല്‍ ബില്‍ പാസാകാന്‍ 121 വോട്ടുകളാണ് വേണ്ടത്. എന്‍ഡിഎ അംഗങ്ങളും, ബില്ലിനെ അനുകൂലിക്കുന്ന മറ്റ് പാര്‍ട്ടികളുടെയും എണ്ണം കൃത്യം 121 ആണ്.