മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം; മുസ്ലിം ലീഗ് അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നല്‍കിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ലീഗിന്റെ അപേക്ഷ പരിഗണിക്കുന്നത്.

സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് ലീഗ് കത്ത് നല്‍കിയിരുന്നു. മുസ്ലിം ലീഗിനു വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കത്ത് അയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിലെ രജിസ്ട്രാര്‍ ലിസ്റ്റിങ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ ഉള്‍പ്പെടുത്തിയത്. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാകുക.

മറ്റ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനോട് ലീഗിന് എതിര്‍പ്പില്ല. എന്നാല്‍ മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിക്കും.
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് പുതിയ പുതിയ അപേക്ഷ ലീഗ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ ഹര്‍ജികളില്‍ ഉടന്‍ വാദം വാദം കേള്‍ക്കണമെന്നും ലീഗ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നാണ് ലീഗിന്റെ പ്രധാന വാദം.

1955-ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009-ല്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 1995-ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് ലീഗ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019-ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു.

പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാല്‍ ഇപ്പോള്‍ ക്ഷണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരില്‍നിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.

Top