കോവിഡ് വാക്സിനേഷന് ശേഷം പൗരത്വനിയമം നടപ്പാക്കും – അമിത് ഷാ

കൊൽക്കത്ത :പൗരത്വ നിയമപ്രകാരം (സിഎഎ) അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നടപടികൾ, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച ശേഷം തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണാർഥം ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായി താക്കൂർ നഗർ മേഖലയിൽ പ്രസംഗിക്കുകയായിരുന്നു ഷാ. സിഎഎ നിയമം പൗരത്വം നൽകാനുള്ളതാണെന്നും ആരുടെയും പൗരത്വം കളയാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലദേശിൽ നിന്നു കുടിയേറിയ മാട്വ സമുദായത്തിനു വലിയ സ്വാധീനമുള്ള മേഖലയാണ് താക്കൂർനഗർ. മുൻപ് തൃണമൂൽ അനുഭാവികളായ ഇവരിൽ നല്ലൊരു വിഭാഗത്തിനും ഇതു വരെ പൗരത്വം ലഭിച്ചിട്ടില്ല. 3 കോടിയോളം ജനസംഖ്യയുള്ള ഇവരുടെ വോട്ടുകൾ ബിജെപി ഉന്നം വയ്ക്കുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി സൂക്ഷിച്ച് സംസാരിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.പൗരത്വനിയമം ബംഗാളിൽ നടപ്പാക്കില്ലെന്നും  മമത ആവർത്തിച്ചു.

Top