പൗരത്വ ബില്‍ പ്രക്ഷോഭം സംസ്ഥാനത്ത് കത്തി പടരുമ്പോള്‍ പ്രതിരോധിക്കാന്‍ നാഥനില്ലാത്ത അവസ്ഥയിലാണിപ്പോള്‍ ബി.ജെ.പി. ചാനലുകളില്‍ പാര്‍ട്ടി വക്താക്കള്‍ ന്യായീകരണവുമായി എത്തുന്നുണ്ടെങ്കിലും ഒരു ഏകീകൃത രൂപവും ഇതുവരെ ഉണ്ടായിട്ടില്ല.
കൃത്യമായ പ്രതിരോധമാണ് ഇവിടെ പാളിയിരിക്കുന്നത്. സൈബര്‍ മേഖലയില്‍ കാവിപ്പട സജീവമാണെങ്കിലും കൂട്ടത്തോടെയുള്ള ആക്രമണത്തെ അവര്‍ക്കും ഇപ്പോള്‍ പ്രതിരോധിക്കാന്‍ പറ്റുന്നില്ല.
സംസ്ഥാനത്ത് സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളുമാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കാമ്പസുകളില്‍ നിന്നും എസ്.എഫ്.ഐ തെരുവിലിറങ്ങിയാണ് പ്രതിഷേധം നടത്തുന്നത്.
സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്ക് പൗരത്വ ബില്ലിന് അനുകൂലമായി സംസാരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. തൃശൂര്‍ കേരള വര്‍മ്മ കോളജ് ഉള്‍പ്പെടെ പലയിടത്തും കായികമായാണ് ഇവരെ എസ്.എഫ്.ഐ നേരിട്ടിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എ.ബി.വി.പി പ്രതിഷേധിച്ചെങ്കിലും പല കാമ്പസുകളിലും സംഘര്‍ഷാവസ്ഥക്ക് അയവ് വന്നിട്ടില്ല. എ.ബി.വി.പിക്കാരെ സഹായിക്കണമെന്ന് ശാഖകള്‍ വഴി ആര്‍എസ്എസാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എ.ബി.വി.പിയെ സഹായിക്കുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് വീഴ്ച പറ്റിയതായ വിലയിരുത്തലിലാണ് ആര്‍.എസ്.എസ് നേതൃത്വം. അതുകൊണ്ടാണ് സ്വന്തം നിലക്ക് പ്രതിരോധം തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പുതിയ തലമുറയില്‍ പിടിമുറുക്കാതെ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയില്ലന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി നേതൃത്വം തിരിച്ചറിയണമെന്ന നിലപാടാണ് ആര്‍.എസ്.എസിനുള്ളത്.
പൗരത്വ നിയമത്തെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം സംഘടനാ അടിസ്ഥാനത്തില്‍ നടത്തുന്നതിലാണ് ബി.ജെ.പി നേതൃത്വം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്.
സംസ്ഥാന അദ്ധ്യക്ഷനെ ഇതുവരെയും കണ്ടെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഇതാണ് സംഘടനാപരമായ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ശ്രീധരന്‍പ്പിള്ള മിസോറാം ഗവര്‍ണറായിപ്പോയ അന്ന് മുതല്‍ ഒഴിഞ്ഞു കിടക്കുന്ന കസേരയാണിത്.
പൗരത്വ നിയമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് സ്വന്തം നിലയ്ക്കാണിപ്പോള്‍ പ്രതിരോധം നടത്തി വരുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയകളിലാണ് പ്രധാനമായും ആര്‍.എസ്.എസ് ഇടപെടല്‍ നടത്തുന്നത്.
ഭരണ – പ്രതിപക്ഷ സംയുക്ത നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലന്ന് നേതാക്കള്‍ തന്നെ തുറന്ന് സമ്മതിച്ച് കഴിഞ്ഞു.
മണ്ഡല തലം മുതലുള്ള നേതാക്കളില്‍ ഭൂരിപക്ഷവും സംഘടനാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതാണ് വിനയായതെന്നാണ് ന്യായീകരണം.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമാവായ ചര്‍ച്ചയുടെ അവസാനഘട്ടത്തിലാണിപ്പോള്‍. അതുകഴിഞ്ഞാലാണ് ജില്ലാപ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ നടപടികള്‍ ആരംഭിക്കുക.
ജനുവരി ആദ്യം സംസ്ഥാനപ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്നാണു ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അക്കാര്യത്തില്‍ പോലും നിലവില്‍ ഒരുറപ്പുമില്ല.
അതേസമയം പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും സമരക്കാരുടെ നീക്കം കാത്തിരുന്നു കാണാമെന്നതുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം അതിരുവിട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
പൗരത്വ നിയമം നടപ്പാക്കാന്‍ വിമുഖത കാണിക്കുന്ന സംസ്ഥാന സര്‍ക്കാറുകളെ പിരിച്ച് വിടുക, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുക എന്നീ രണ്ട് മാര്‍ഗ്ഗങ്ങളില്‍ ഏത് വേണമെങ്കിലും പ്രയോഗിക്കണമെന്ന കടുത്ത നിലപാടിലാണ്
ആര്‍എസ്എസ് നേതൃത്വം.
സാമ്പത്തിക പ്രതിസന്ധി മുതല്‍ ഉള്ളി ക്ഷാമം വരെ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്നും വഴിമാറി കഴിഞ്ഞു. പൗരത്വ ബില്ലാണ് എവിടെയും ചര്‍ച്ച. കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ നേട്ടം കൊയ്യാമെന്നാണ് ആര്‍എസ്എസ് ബി.ജെ.പിക്ക് നല്‍കിയിരിക്കുന്ന ഉപദേശം.
പ്രതിപക്ഷം ഭരിക്കുന്ന കേരളം, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പൗരത്വബില്‍ നടപ്പാക്കാതിരുന്നാല്‍ പിരിച്ച് വിടുമെന്ന സൂചനയും ചില സംഘപരിവാര്‍ നേതാക്കള്‍ നല്‍കുന്നുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വബില്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അടിയന്തരസ്റ്റേ സുപ്രീം കോടതി നല്‍കാതിരുന്നതും സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും ശുഭ സൂചകമായാണ് ബി.ജെ.പി കാണുന്നത്.
നിയമനിര്‍മാണസഭയായ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി രാഷ്ട്രപതി ഒപ്പ് വച്ച വിഷയത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്ക് പോലും പരിമിതിയുണ്ടെന്നാണ് ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷവും സുപ്രീം കോടതിയില്‍ നിന്ന് നീതിയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് നീതി നടപ്പാക്കാനുള്ള നീക്കം ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമാണെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോഴും രാജ്യത്ത് തുടന്നുകൊണ്ടിരിക്കുന്നത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്ന പ്രക്ഷോഭത്തിന് പുറമെ സിപിഎമ്മും ഇപ്പോള്‍ സജീവമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട് എന്നിവരടക്കം നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചെങ്കോട്ടയിലേക്കുള്ള മാര്‍ച്ച് തടയാന്‍ നിരോധനജ്ഞയും പൊലീസ് പ്രഖ്യാപിച്ചിരുന്നു. അത് ലംഘിച്ച് മാര്‍ച്ച് തുടങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും പൊലീസ് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ചെന്നൈ, ബംഗളൂരു നഗരങ്ങളിലെ റാലികള്‍ക്കും സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ നിമയ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്നൗ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ സമരാനുകൂലികളായ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഗുജറാത്തില്‍ അഹമ്മാബാദ് അടക്കമുള്ള നിരവധി നഗരങ്ങളില്‍ പൊലീസ് സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്.
പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകളാണ് അടച്ചിരിക്കുന്നത്. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ പ്രതിഷേധം സമാധാനപരമായാണ് പുരോഗമിക്കുന്നത്. ഇടതുപക്ഷവും യു.ഡി.എഫും പ്രക്ഷോഭ രംഗത്ത് സജീവമാണ്.
കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രതിഷേധജ്വാല ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ എസ്.എഫ്.ഐ തന്നെയാണ് മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
കൂടുതല്‍ ശക്തമായി പ്രതിഷേധം തുടരാനാണ് ഇടതുപക്ഷ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ബില്ലിനനുകൂലമായ പ്രചാരണം നടത്തുന്നതിനു വേണ്ടി പരിവാര്‍ സംഘടനകളുടെ യോഗം ആര്‍എസ്എസും ഇപ്പോള്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
Political Reporter