സ്വിഫ്റ്റ് ബസ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്; വിമര്‍ശിച്ച് സിഐടിയു

തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് അപകട പരമ്പര ഉയർത്തിക്കാട്ടി കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സിഐടിയു. സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആർടിസി മാനേജ്‌മെന്റിനാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. മികച്ച ഡ്രൈവർമാർ കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നിട്ടും അവരെ നിയോഗിച്ചില്ല. സ്വിഫ്റ്റ് ബസ് അപകടങ്ങളിൽ അന്വേഷണം വേണമെന്ന് കെഎസ്ആർടിഇഎ ആവശ്യപ്പെട്ടു.

വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം തുടരുകയണ്. അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം. എഐടിയുസി ഇന്ന് നേതൃയോഗം ചേർന്ന് തുടർസമര പരിപടികൾ തീരുമാനിക്കും.

വിഷുവിന് മുൻപ് ശമ്പളം നൽകിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരണം ഉൾപ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു.ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സിഐടിയു എഐടിയുസി സംഘടനകൾ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും. ശമ്പള പ്രതിസന്ധി മറികടക്കാൻ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആർടിസിയുടെ അകൗണ്ടിൽ എത്തിയിട്ടില്ല. ഇന്ന് ബാങ്ക് അവധിയായതിനാൽ അതിനിയും വൈകും.

Top