മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമെന്ന് സിഐടിയു വൈസ് പ്രസിഡന്റ്‌ എകെ ബാലൻ

തിരുവനന്തപുരം: കെഎസ് ആർ ടിസിയിലെ ശമ്പള വിവാദത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിഐടിയു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്ന് സിഐടിയു വൈസ് പ്രസിഡന്റ്‌ എകെ ബാലൻ കുറ്റപ്പെടുത്തി. തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണമെന്ന് ബാലൻ പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റിനു മറ്റെന്തോ അജണ്ടയുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്നു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ തുറന്നടിച്ചു.

മാസാദ്യം പകുതി ശമ്പളം , സര്‍ക്കാര്‍ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കിയെന്നാണ് മാനേജ്മെന്റ് മുന്നോട്ട് വെക്കുന്നത്. ശമ്പളം ഗഡുക്കളായി നൽകാനുള്ള കെഎസ്ആര്‍ടിസി ശുപാര്‍ശയിൽ ഭരണാനുകൂല സംഘടനകൾ പോലും കടുത്ത പ്രതിഷേധത്തിലാണെന്നത് വ്യക്തമാണ്. എന്നാൽ കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്ന നിലപാടിലാണ് മന്ത്രി ആന്‍റണി രാജു. പുതിയ ഉത്തരവും ടാര്‍ഗറ്റ് നിര്‍ദേശവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. യൂണിയനുകൾ ആവശ്യപ്പെടുകയാണെങ്കിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് മന്ത്രി.

Top