തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ജില്ലകളില്‍ രൂപീകരിക്കുന്ന പ്രത്യേക സ്‌ക്വാഡുകള്‍ സംസ്ഥാന തലത്തില്‍ നിരീക്ഷിക്കുന്നത് എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതോടെ എറണാകുളം ജില്ലയില്‍ ഐ.ജിയുടെ മേല്‍നോട്ടത്തില്‍ രുപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ നിയന്ത്രണവും സംസ്ഥാനതലത്തില്‍ ചുമതലപ്പെടുത്തുന്ന എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഫലത്തില്‍ മേലില്‍ ഇനി കാഴ്ചക്കാരന്റെ റോള്‍ മാത്രമേ ഐ.ജിക്ക് ഉണ്ടാവൂ.
കഴിഞ്ഞ ദിവസം എറണാകുളം റേയ്ഞ്ച് ഐ.ജി ശ്രീജിത്ത് പത്രലേഖകരോട് വ്യക്തമാക്കിയത് തന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചെന്നും സംഘാംഗങ്ങളുടെ പേര് പുറത്ത് പറയില്ലന്നുമായിരുന്നു.
ക്രിമിനല്‍ കേസില്‍ പ്രതിയായ ഐ.ജി തന്നെ ക്രിമിനലുകളെ പിടിക്കുന്ന സംഘത്തിന്റെ തലവനായതിനെതിരെ സേനയ്ക്കകത്തുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് സംസ്ഥാന തലത്തില്‍ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാനും ഈ സ്‌ക്വാഡില്‍നിന്നും ആരോപണവിധേയരായവരെ ഒവിവാക്കാനും നിര്‍ദ്ദേശം നല്‍കിയത്.
ഗുണ്ടാ വിരുദ്ധ സ്‌ക്വാഡിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം മേലില്‍ സംഘത്തലവനായ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും.
സംസ്ഥാന തലത്തില്‍ സീനിയര്‍ എസ്.പിയെയാണ് ഇപ്പോള്‍ നിയമിക്കുകയെങ്കിലും പിന്നീടത് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറാനാണ് തീരുമാനം.
മിടുക്കരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് എല്ലാ ജില്ലകളിലും സ്‌കോഡ് പ്രവര്‍ത്തനം ആരംഭിക്കുക.