സപ്ലൈകോ ഗോഡൗണിന് തീ പിടിച്ച് ഒരു കോടി രൂപയിലേറെ നഷ്ടം

വടകര: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടുത്തം. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപത്തെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറി സാധനങ്ങളുമാണ് കത്തിനശിച്ചു. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീ പിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് വടകര നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നായി അഞ്ചു യൂണിറ്റ് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര താലൂക്കിലെ നാല്‍പതോളം മാവേലി സ്റ്റോറുകളിലേക്ക് വിതരണം ചെയ്യാനുള്ള സ്റ്റേഷനറി സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കൂടാതെ സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റിലേക്കുള്ള സാധനങ്ങളുമായി ഒരു കോടിയുടെ ഭക്ഷ്യ വസ്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു.

വെളിച്ചെണ്ണ, ഓയില്‍, എന്നിവയ്ക്ക് തീപിടിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രയാസുമുണ്ടാക്കി. കുറച്ചു സാധനങ്ങള്‍ നാട്ടുകാര്‍ ചേര്‍ന്ന് മാറ്റിയിട്ടുണ്ട്. ഇതില്‍ എത്രത്തോളം ഉപയോഗിക്കാന്‍ കഴിയുമെന്ന കാര്യം വ്യക്തമല്ല. രണ്ട് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. സപ്ലൈക്കോ ഓഫീസ് സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും തീ പടരാത്തത് ആശ്വാസമായി.

Top