ഡല്‍ഹി: മ്യാന്‍മറില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന ആളുകളെ എണ്ണം കൂടി. അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തി പ്രദേശമായ മിസോറമിലേക്കാണ് ജനങ്ങള്‍ അഭയം പ്രാപിക്കുന്നത്.
വ്യോമാക്രമണം ശക്തമാക്കിയതോടെ പരിക്കേറ്റവരുള്‍പ്പെടെയുള്ള 1000-ത്തോളം പേര്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. വ്യോമാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ക്ക് മാനുഷിക പരിഗണനയില്‍ ഇന്നലെ മിസോറമിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. മ്യാന്‍മറിലെ മിസോറമിനോടു ചേര്‍ന്ന ചിന്‍ സംസ്ഥാനത്താണ് ആക്രമണം ശക്തമായത്.
റിഖാവ്ധാര്‍ ഗ്രാമത്തിലെ ഒരു സൈനിക പോസ്റ്റ് വിമതസംഘടന പിടിച്ചെടുത്തതോടെയാണ് വ്യോമാക്രമണം ശക്തമാക്കിയത്. 2020 ല്‍ സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഓംഗ് സാന്‍ സുചിയുടെ രാഷ്ട്രീയപാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ എംപിമാരും എംഎല്‍എമാരും പ്രവര്‍ത്തകരുമുള്‍പ്പെടെ 30,000 പേര്‍ മിസോറമില്‍ അഭയം തേടിയിരുന്നു.