മൊസൂള്‍ : വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ 40 പേരെ ഐഎസ് ഭീകരര്‍ വെടിവച്ചുകൊന്നു. ഇവരില്‍ ഏതാനും പേരുടെ മൃതദേഹങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിത്തൂക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ശിക്ഷാനടപടി.
ഇറാക്കി സൈനികരുമായി സഹകരിച്ചെന്ന് ആരോപിച്ചാണ് സാധാരണ പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് യുഎന്‍ വക്താവ് രവീനാ ഷംദസാനി അറിയിച്ചു.
രാജ്യദ്രോഹികള്‍, ഇറാഖി സേനയുടെ ഏജന്റുമാര്‍ എന്നെഴുതിയ ഓറഞ്ച് നിറമുള്ള വസ്ത്രം അണിയിച്ചാണ് ഇവരെ ഐഎസ് ശിക്ഷ നടപ്പാക്കാനായി കൊണ്ടുവന്നത്. തുടര്‍ന്ന് വെടിവെച്ച് കൊന്ന ഇവരുടെ മൃതദേഹങ്ങള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിത്തൂക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സെന്‍ട്രല്‍ മൊസൂളില്‍ ഒരു യുവാവിനെയും ഐഎസ് ഭീകരര്‍ വെടിവെച്ച് കൊന്നു. മൊബൈലുകള്‍ ഐഎസ് നിരോധിച്ചിരിക്കുകയാണ്.
ഇറാഖി സേനയ്ക്ക് വിവരം ചോര്‍ത്തി നല്‍കുന്നു എന്നാരോപിച്ച് ബുധനാഴ്ചയും 20 പേരെ ഐഎസ് ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു.
ഐഎസ് നിയന്ത്രണത്തില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കുന്നതിനായി ഇറാഖി സേനയും ഐഎസും തമ്മില്‍ പോരാട്ടം തുടരുകയാണ്.
കീഴടങ്ങരുതെന്നും അവസാനംവരെ പൊരുതണമെന്നുമാണ് ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി ഐഎസ് ഭീകരര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.