ചെന്നൈ : മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
താഹില്‍ രമണി നടത്തിയ പണമിടപാടുകളും ബാങ്ക് രേഖകളും സി.ബി.ഐ പരിശോധിക്കും. ഒന്നരക്കോടിയുടെ കൈക്കൂലി വാങ്ങിയെന്ന ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി രണ്ട് ഫ്ലാറ്റുകള്‍ സമ്പാദിച്ചെന്നാണ് ഒരു ആരോപണം. വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടുവെന്നതാണ് രണ്ടാമത്തെ ആരോപണം.
മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ താഹില്‍രമണിക്കും അവരുടെ ബന്ധുക്കള്‍ക്കും തമിഴ്‌നാട് നിയമസഭയിലെ മന്ത്രിമാരുമായി അടുപ്പം ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട് .
കേസുകള്‍ സംബന്ധിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതിന് പ്രതിഫലമായാണോ താഹില്‍ രമണിക്ക് ഈ സ്വത്തുവഹകള്‍ നേടാനായത് എന്ന് സി.ബി.ഐ അന്വേഷിക്കും. തന്നെ മേഘാലയ ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയതിനാലാണ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി രാജി വയ്ക്കാന്‍ തീരുമാനിച്ചത്.