രാഷ്ട്രീയ കണക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ കോടതിയെ വേദിയാക്കേണ്ട:ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ ഈ പരാമര്‍ശം. ബിജെപിയുടെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റേയും അഭിഭാഷകര്‍ രാഷ്ട്രീയമായ ആരോപണങ്ങളിലേക്ക് കടന്നതോടെയാണ് കടുത്ത വാക്കുകളുമായി ചീഫ് ജസ്റ്റിസ് ഇടപെട്ടത്.

ബിജെപിക്ക് വേണ്ടി ഗൗരവ് ഭാട്യയാണ് കോടതിയില്‍ കേസില്‍ ഹാജരായത്. പശ്ചിമ ബംഗാള്‍ സര്‍ക്കാറിനായി ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ്. ബിജെപി വാക്താവ് ഗൗരവ് ബന്‍സാലാണ് ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്ക് അവകാശമില്ലെന്നാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്. ഇതാണ് രാഷ്ട്രീയ തര്‍ക്കമായി മാറിയത്. ഇതോടെയാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.

‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കണക്കുകള്‍ തീര്‍ക്കുന്നതിനും കോടതിയെ ഒരു വേദിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ക്ക് രാഷ്ട്രീയ കണക്കുകള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഒരു ടിവി ചാനലില്‍ പോയി ഇരിക്കുന്നതായിരിക്കും ഇതിനേക്കാള്‍ നല്ലതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.’

അതേ സമയം ബിജെപി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ വിശദമായി മറുപടി നല്‍കാന്‍ സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Top