ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തര്‍ക്കത്തിന്റെ പഴക്കവും വ്യത്യസ്ത വീക്ഷണകോണുകളും പരിഗണിച്ചായിരുന്നു ഒറ്റസ്വരത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചായിരുന്നു അയോധ്യ ഭൂമിതര്‍ക്ക കേസില്‍ തീര്‍പ്പുകല്‍പ്പിച്ചുള്ള വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നായിരുന്നു വിധി. സുന്നി വഖഫ് ബോര്‍ഡിന് നഗരത്തില്‍തന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളിപണിയാന്‍ അഞ്ചേക്കര്‍ അനുവദിക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചില്‍ അംഗമായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്. ഇവര്‍ക്ക് പുറമേ എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.
വിധിന്യായത്തില്‍ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും അത് എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു പതിവുള്ളതല്ല. സാധാരണഗതിയില്‍ പ്രധാനവിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍ പ്രത്യേക വിധിയെഴുതുന്നതെങ്കില്‍ അയോധ്യ കേസില്‍ അതും തിരുത്തപ്പെട്ടു. വിധിയോടു യോജിച്ചുതന്നെ, തനിക്കു കൂടുതലായി പറയാനുള്ള കാരണങ്ങള്‍ എന്ന നിലയ്ക്ക് ഒരു ജഡ്ജി അനുബന്ധമെഴുതി. അതാരാണെന്നും വ്യക്തമാക്കിയിരുന്നില്ല. 2019 നവംബര്‍ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധിപറഞ്ഞത്.
കേസുകളിലെ വിധി വ്യക്തിപരമായി ബാധിക്കാറില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന ഭരണഘടനാ ബെഞ്ച് വിധിയില്‍ ഒരു പശ്ചാത്താപവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ശരിവെച്ചുള്ള വിധിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
VIDEO | EXCLUSIVE: “We have taken some very unique initiatives in the last year. They are designed to ensure enhanced accessibility and transparency into the Indian judiciary. We have started live streaming of important cases emanating from the constitution benches,” Chief… pic.twitter.com/SDVwUGCoiY
— Press Trust of India (@PTI_News) January 1, 2024