കല്പറ്റ: തന്നെ ആദിവാസി സ്ത്രീയെന്ന നിലയില്‍ എല്ലാ തരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും അത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സി.കെ.ജാനു. ഒരു കാരണവശാലും തനിക്കെതിരായ കേസില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും നിയമനടപടികളെ നേരിടാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
‘ഓരോ വിവാദങ്ങള്‍ വന്നപ്പോഴും കൃത്യമായ മറുപടി ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മറുപടിയില്‍ തൃപ്തിയില്ല എന്ന നിലയില്‍ വീണ്ടും വിവാദങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ ആക്രമണങ്ങള്‍ക്ക് പിറകില്‍ ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ലെന്ന ചിന്ത യഥാര്‍ഥത്തില്‍ ഉണ്ടോ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ അറിയാം. എന്നാല്‍ ഇപ്പോള്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുളള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സി.കെ.ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോള്‍ നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒന്നും ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ എനിക്ക് ഉപയോഗിച്ചുകൂടെ.
ഒരു സ്ത്രീ എന്ന നിലയില്‍, ഒരു ആദിവാസി എന്ന നിലയില്‍, ആദിവാസി രാഷ്ട്രീയം പറയാന്‍ പാടില്ല, രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ല തുടങ്ങി എല്ലാ തലത്തിലും കടന്നാക്രമിക്കുന്ന ഒരു രീതി അത്ര നല്ലതല്ല. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ്.’ സി.കെ.ജാനു ചോദിച്ചു. ഇത്തരം നടപടികള്‍ ജനാധിപത്യബോധമുളളവര്‍ക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ ജാനു താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.
‘ഒരു വാര്‍ത്ത ഉണ്ടാകുമ്പോള്‍ അതിനെ കുറിച്ച് അടിസ്ഥാനപരമായി പരിശോധിക്കുകയൊന്നും ചെയ്യാതെ പ്രസ്താവന നടത്തുന്നത് നല്ല ശീലമല്ല. എനിക്കെതിരേ വന്നിട്ടുളളവര്‍ കേസുമായി കോടതിയിലാണ്. കേസ് അതിന്റെ രീതിയില്‍ നടക്കട്ടേ, തെളിവുകള്‍ കോടതിയില്‍ ഹാജരാക്കട്ടേ. അതിന് അനുസരിച്ചുളള നിയമനടപടികള്‍ ഉണ്ടാക്കട്ടേ. നിയമനടപടികളില്‍ നിന്ന് ഞാന്‍ ഒളിച്ചോടില്ല. ഒരുപാട് കേസുകളും പീഡനങ്ങളും നേരിട്ട വ്യക്തിയാണ്.
ജയില്‍ എനിക്ക് പുതിയ സംവിധാനമല്ല. ഒരു കാരണവശാലും ഒരു കേസില്‍ നിന്നും ഞാന്‍ പുറകോട്ട് പോകില്ല. എല്ലാവിധ തെളിവെടുപ്പിനും കൂടെയുണ്ടാകും. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.