മലയാളി താരം സി കെ വിനീതിന് പകരം മറ്റൊരു സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. എഫ് സി ഗോവയുടെ ഇന്ത്യന്‍ മുന്നേറ്റ താരം മന്‍വീര്‍ സിംഗിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. ചെന്നൈയന്‍ എഫ് സിയിലേക്ക് ലോണില്‍ പോയ മലയാളി താരം സി കെ വിനീത് ഇനി ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലാത്തതിനാല്‍ ബ്ലാസ്റ്റേഴ്‌സ് പുതിയ നീക്കം നടത്തുന്നത്.
ബ്ലാസ്റ്റേഴ്‌സിലെത്തുന്നത് വഴി കൂടുതല്‍ സമയം കളിക്കാന്‍ അവസരം കിട്ടുമെന്നതിനാല്‍ മന്‍വീറിനും ടീം വിടാന്‍ താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എഫ് സി ഗോവയുമായി ഒരു വര്‍ഷ കരാര്‍ ബാക്കിയുള്ള മന്‍വീര്‍ സിംഗ് അവിടെ പകരക്കാരനായാണ് കളിച്ച് കൊണ്ടിരിക്കുന്നത്. ഇരുപത്തിമൂന്നുകാരനായ ഈ മുന്നേറ്റ താരം ഗോവയ്ക്ക് വേണ്ടി പതിനഞ്ച് മത്സരങ്ങളില്‍ കളത്തിലിറങ്ങി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെയായിരുന്നു താരത്തിന്റെ ഏക ഗോള്‍ പിറന്നത്. താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നതോടെ ടീമിന് കളത്തില്‍ നേട്ടം കൊയ്യാനാവും എന്നാണ് പ്രതീക്ഷ.