കൊച്ചി: ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ സി.കെ. വിനീത് ജംഷഡ്പുര്‍ എഫ്.സിക്കായി കളത്തിലിറങ്ങും. വിനീതിന്റെ നാലാമത്തെ ഐ.എസ്.എല്‍ ക്ലബ്ബാണ് ജംഷഡ്പുര്‍. കഴിഞ്ഞ സീസണിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് താരം ചെന്നൈ എഫ്.സിയിലേക്കു പോയത്. ബ്ലാസ്റ്റേഴ്‌സിലേക്കു വരും മുന്‍പ് ബെംഗളൂരു എഫ്.സിയുടെ താരമായിരുന്നു വിനീത്.
‘ജംഷഡ്പുര്‍ എഫ്.സിക്കായി കളിക്കാനുള്ള അവസരത്തെ ആവേശത്തോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമ്പോള്‍ ഇവിടെ വന്നിട്ടുണ്ട്. കാണികളുടെ പിന്തുണയും ആവേശവും മികച്ചതായിരുന്നു. എതിരാളികള്‍ക്ക് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഈ മൈതാനത്ത് ഹോം ടീമിനായി കളിക്കാനുള്ള അവസരവും ആവേശം പകരുന്നു’ എന്നാണ് വിനീത് പ്രതികരിച്ചത്.
ബെംഗളൂരു എഫ്.സിക്കൊപ്പം രണ്ടു തവണ ഐ ലീഗും (2014, 2016) രണ്ടു തവണ ഫെഡറേഷന്‍ കപ്പും (2015, 2017) താരം നേടിയിട്ടുണ്ട്. 2016ല്‍ എ.എഫ്.സി കപ്പില്‍ ബെംഗളൂരു എഫ്.സി റണ്ണേഴ്‌സ് അപ്പ് ആകുമ്പോഴും വിനീത് ടീമിലുണ്ടായിരുന്നു. കരിയറില്‍ ഇതുവരെ 203 മല്‍സരങ്ങളില്‍ നിന്നായി 53 ഗോളുകളാണ് വിനീത് നേടിയിട്ടുള്ളത്.