സൗദി അറേബ്യയില്‍ ഇന്ന് 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പുതിയതായി 174 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരില്‍ 202 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് ഇന്ന് 59,355 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,985 ആയി. ഇതില്‍ 5,33,632 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,565 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,788 ആയി കുറഞ്ഞു. ഇതില്‍ 803 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 55, മക്ക 31, കിഴക്കന്‍ പ്രവിശ്യ 19, അല്‍ഖസീം 12, മദീന 12, ജീസാന്‍ 11, അസീര്‍ 11, നജ്‌റാന്‍ 7, തബൂക്ക് 4, അല്‍ജൗഫ് 4, വടക്കന്‍ അതിര്‍ത്തി മേഖല 3, ഹായില്‍ 3, അല്‍ബാഹ 2. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,593,318 ഡോസ് ആയി.

Top