പിആര്‍എസ് വായ്പയില്‍ വ്യക്തത വേണം;സപ്ലൈകോ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പിആര്‍എസ് പദ്ധതി വഴി പണം ലഭിക്കുന്ന കര്‍ഷകര്‍ക്ക് എങ്ങനെ സിബില്‍ സ്‌കോര്‍ ബാധകമാകുമെന്ന ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് കര്‍ഷകര്‍ക്ക് സിബില്‍ സ്‌കോര്‍ ബാധകമാകുന്നത്, സപ്ലൈകോയും ബാങ്കും തമ്മിലാണ് കരാര്‍. സപ്ലൈകോയാണ് പിആര്‍എസ് വായ്പ എടുക്കുന്നത്. അങ്ങനെയെങ്കില്‍ കര്‍ഷകര്‍ക്ക് മേല്‍ ബാധ്യത വരുന്നതെങ്ങനെയെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സപ്ലൈകോ വ്യക്തത വരുത്തണമെന്നും ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ആവശ്യപ്പെട്ടു.

കുട്ടനാട് തകഴിയില്‍ കര്‍ഷകനായ കെ ജി പ്രസാദ് ജീവനൊടുക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷമാണ് പ്രസാദ് ജീവനൊടുക്കിയത്. നെല്ല് സംഭരിച്ചതിന്റെ വില പിആര്‍എസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മരിച്ച പ്രസാദിന് 1,38,655 രൂപയാണ് പിആര്‍എസ് വായ്പയായി അനുവദിച്ചിരുന്നത്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളുവെന്ന് ഭക്ഷ്യ വകുപ്പ് വിശദീകരണം നല്‍കി.

സിബില്‍ സ്‌കോറില്‍ ആശങ്ക രേഖപ്പെടുത്തികൊണ്ടുളള ഒരു കൂട്ടം ഹര്‍ജികള്‍ പരി?ഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വായ്പ എടുക്കുന്നത് സപ്ലൈകോയാണ്. അതുകൊണ്ട് സപ്ലൈകോയ്ക്കാണ് സാമ്പത്തിക ബാധ്യത വരേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അടുത്ത ബുധനാഴ്ച പരി?ഗണിക്കും. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.പിആര്‍എസ് വായ്പയിലെ കുടിശ്ശിക അല്ല സിബില്‍ സ്‌കോറിനെ ബാധിച്ചത്. വ്യക്തിഗത വായ്പ ഒറ്റത്തവണ തീര്‍പ്പാക്കിയതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതാണ് കാരണം. മുന്‍കാല വായ്പകള്‍ ഒറ്റത്തവണയായി തീര്‍പ്പാക്കുമ്പോള്‍ ഇടപാടുകാരുടെ സിബില്‍ സ്‌കോറിനെ ബാധിക്കുന്നു. സീസണിലെ പിആര്‍എസ് വായ്പയുടെ തിരിച്ചടവ് സമയ പരിധി ആയിട്ടില്ലെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.

Top