കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷം: ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്

കോഴിക്കോട്; കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കൂടാതെ കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് ഉൾപ്പടെ 70ഓളം പേർക്ക് പരുക്കേറ്റു.

കിടപ്പ് രോഗികൾക്ക് വീൽ ചെയർ വാങ്ങി നൽകുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാ​ഗമായാണ് ജെഡിടി കോളജ് പാലിയേറ്റീവ് കെയർ മൂന്ന് ദിവസത്തെ കാർണിവൽ സംഘടിപ്പിച്ചത്. ഇതിൻറെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ഇതിനായി ഓൺലൈനായി ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്നു. കൂടാതെ കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വിൽപ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാൽ ബീച്ചിൽ കൂടുതൽപ്പേരെത്തിയതും അധിക ടിക്കറ്റുകൾ വിറ്റുപോയതും തിരക്ക് വർധിക്കാൻ ഇടയാക്കി.

ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത്രയുമധികം ആളുകളെ ഉൾക്കൊള്ളാൻ വേദിക്ക് കഴിയാതെവന്നതാണ് സംഘർഷത്തിന് കാരണമായത്. രാത്രി എട്ടോടെയാണ് സംഘർഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവർ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാൻ പൊലീസും വൊളന്റിയർമാരും ശ്രമിച്ചു. എട്ടു പോലീസുകാരായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പൊലീസിനെ തള്ളിമാറ്റാൻ ശ്രമിച്ചു. പോലീസുകാർക്കുനേരെ കുപ്പിയിൽ മണൽ നിറച്ച് പൊലീസിന് നേരെ എറിഞ്ഞു. പോലീസ് ലാത്തിവീശാൻ തുടങ്ങിയതോടെ ജനങ്ങൾ വിരണ്ടോടി.

ബാരിക്കേഡുകൾ തകർത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ തിരക്കിനിടയിൽ വീണുപോവുകയായിരുന്നു. അതിനിടയിൽ പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയർമാരായ വിദ്യാർഥികളെയും ജനക്കൂട്ടം ആക്രമിച്ചു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ സ്ഥലത്തെത്തി.

സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി. പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നൽകിയതെന്ന് കോർപറേഷൻ ഡൈപ്യൂട്ടി മേയർ പ്രതികരിച്ചു.

Top