മൈസൂര്‍: മൈസൂരുവില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ഹിന്ദു യുവാക്കളുടെ സന്നദ്ധസംഘടനയായ യുവബ്രിഗേഡിന്റെ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ടി. നരസിപുര ശ്രീരാംപുര കോളനിയിലെ വേണുഗോപാല്‍ നായക് (32) ആണ് കൊല്ലപ്പെട്ടത്. ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്ന് ടി. നരസിപുര പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി പ്രദേശത്ത് ഹനുമാന്‍ ജയന്തി ആഘോഷം നടന്നിരുന്നു. ഘോഷയാത്രയ്ക്കിടെ ഇരുവിഭാഗം യുവാക്കള്‍ ഏറ്റുമുട്ടി. ഇതില്‍ വേണുഗോപാല്‍ നായകും ഉള്‍പ്പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഞായറാഴ്ച രാത്രി ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പൊട്ടിച്ച കുപ്പികൊണ്ട് കുത്തുകയായിരുന്നു.
യുവബ്രിഗേഡ് നേതാവ് ചക്രവര്‍ത്തി സുലിബെലെ ഗോപാല്‍നായകിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് യുവബ്രിഗേഡ് ടി. നരസിപുരയില്‍ ബന്ദ് ആചരിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.