കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ സംഘർഷം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ.ഐ.ടിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
എന്‍ഐടിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടന്ന് അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ഏരിയാ പ്രസിഡന്‍റ് യാസിര്‍, സംസ്ഥാന കമ്മിറ്റി മെമ്പർ മിഥുന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ത്യ രാമരാജ്യമല്ലെന്ന് പോസ്റ്റര്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട സംഘർത്തെ തുടർന്ന് നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി എന്‍ഐടി ഡീന്‍ ഉത്തരവിറക്കിയത്. വൈശാഖിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ക്യാംപസിലേക്ക് വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയത്.