റായ്പൂര്‍: ഛത്തീസ്ഗഡിലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ സുക്മ ജില്ലയില്‍ ഏറ്റുമുട്ടല്‍. നക്‌സലുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചു. ഒരു കോണ്‍സ്റ്റബിളിന് പരുക്കേറ്റിട്ടുണ്ട്. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജഗര്‍ഗുണ്ട മേഖലയില്‍ രാവിലെയാണ് സംഭവം. സിആര്‍പിഎഫിന്റെ 165-ാം ബറ്റാലിയന്റെ ഒരു സംഘം നക്‌സല്‍ വിരുദ്ധ ഓപ്പറേഷനായി ബെഡ്രെ ക്യാമ്പില്‍ നിന്ന് ഉര്‍സങ്കല്‍ ഗ്രാമത്തിലേക്ക് പോയിരുന്നു. പ്രദേശത്ത് തെരച്ചില്‍ നടക്കുന്നതിനിടെയാണ് സിആര്‍പിഎഫ് ടീമും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
വെടിവെപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുധാകര്‍ റെഡ്ഡി വീരമൃത്യു വരിക്കുകയും കോണ്‍സ്റ്റബിള്‍ രാമുവിന് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കായി രാമുവിനെ ഹെലികോപ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നാല് പ്രതികളെ സമീപ പ്രദേശത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സിആര്‍പിഎഫിന്റെ കോബ്ര യൂണിറ്റും ലോക്കല്‍ പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്.