മണിപ്പുരില്‍ ഇന്നും ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരുക്ക്, വീടുകള്‍ അഗ്‌നിക്കിരയാക്കി

 

 

ഇംഫാല്‍: മണിപ്പുരില്‍ ഇന്നും പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇതുവരെയായി പൊലീസ് നാലായിരത്തിലധികം എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ട ആയുധങ്ങളില്‍ ഭൂരിഭാഗവും തിരികെ ലഭിച്ചിട്ടില്ല. മരണസംഖ്യ നൂറ്റിപ്പത്തില്‍ അധികമായി. ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാഷ്ട്രീയകക്ഷികള്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.

മെയ്‌തെയ്-കുക്കി ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മേയ് 3ന് ആരംഭിച്ച കലാപം തുടരുന്നതിനാല്‍ കര്‍ഫ്യു ഇളവ് വെട്ടിച്ചുരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഒരുങ്ങുകയാണ് ബിജെപി എംഎല്‍എമാരും വിവിധ സംഘടനാ നേതാക്കളും. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപിക്ക് അകത്തും ആവശ്യമുയരുന്നുണ്ട്. സിബിഐ പത്തംഗ പ്രത്യേക സംഘം ഗൂഢാലോചന അടക്കം അന്വേഷിക്കുന്നുണ്ട്. സിബിഐയ്ക്ക് മണിപ്പുര്‍ പൊലീസ് വിശദാംശങ്ങള്‍ കൈമാറി.

ആയുധപ്പുരകളില്‍ നിന്ന് നാലായിരത്തിലധികം ആയുധങ്ങള്‍ അക്രമികള്‍ കൊള്ളയടിച്ചതില്‍ 1,100 എണ്ണം മാത്രമാണ് തിരികെ കിട്ടിയത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. കുക്കി ഗോത്രക്കാരിയായ മന്ത്രി നെംച കിപ്‌ഗെനിന്റെ വീടിന് ആള്‍ക്കൂട്ടം ഇന്നലെ തീയിട്ടു. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പിലും ബോംബ് ആക്രമണത്തിലും 13 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു. സ്വകാര്യവാഹനങ്ങള്‍ക്ക് തീയിട്ടുവെന്ന് ആരോപണം നേരിടുന്ന രണ്ട് ദ്രുത കര്‍മ സേനാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയില്‍ നിന്ന് പിന്മാറുമെന്ന് മെയ്‌തെയ് സംഘടന പ്രഖ്യാപിച്ചു. കുക്കി സംഘടനയും അതൃപ്തി അറിയിച്ചിട്ടുണ്ട്.

 

Top