വഞ്ചിയൂര്‍ കോടതിയില്‍ സംഘര്‍ഷം; ബെഞ്ച് ക്ലര്‍ക്കിന് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ കോടതിയിലെ ബെഞ്ച് ക്ലര്‍ക്കായ നിര്‍മ്മലാനന്ദന് പരുക്കേറ്റു. കേസ് വിവരങ്ങള്‍ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാല്‍ പിന്നീട് വിവരം നല്‍കാമെന്ന് ക്ലര്‍ക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി സമുച്ചയത്തിലെ പതിനൊന്നാം കോടതിയിലാണ് സംഭവം.

അഭിഭാഷകരുടെ ആക്രമണത്തില്‍ നിര്‍മ്മലാനന്ദന്റെ ഇടത്തേ കൈയില്‍ പരുക്കേറ്റു. പരുക്കേറ്റ നിര്‍മ്മലാനന്ദനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കോടതി ജീവനക്കാര്‍ തിരുവനന്തപുരം സിജെഎമ്മിന് പരാതി നല്‍കി.

24 മണിക്കൂറിനകം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സിജെഎം വഞ്ചിയൂര്‍ സി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ട സംഭവത്തിലെ സാക്ഷിയാണ് ബഞ്ച് ക്ലാര്‍ക്ക് നിര്‍മലാനന്ദന്‍.

Top