ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികൃ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചില് സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇപ്പോഴും അത്യാസന്ന നില തരണം ചെയ്തിട്ടില്ല.
രജൗരി സെക്ടറിലെ കണ്ടി വനമേഖലയിലാണ് ഭീകരർ ഉണ്ടെന്ന് വിവരം കിട്ടിയത്. രാവലെ ഏഴരയോടെ സൈനിക സംഘം ഇങ്ങോട്ടേക്ക് പുറപ്പെട്ടു. ഒരു ഗുഹക്ക് അകത്ത് ഇവർ ഒളിച്ചുകഴിയുന്നതായി സൈന്യം കണ്ടെത്തി. വലിയതും ചെങ്കുത്തായതുമായ പാറക്കെട്ടുകളുള്ള ഈ പ്രദേശത്ത് ഭീകരരെ കീഴ്പ്പെടുത്തുകയെന്ന വളരെ ശ്രമകരമായ ദൗത്യമാണ് സൈനികർ ഏറ്റെടുത്തത്. സൈനികർക്ക് വെടിയേറ്റതോടെ കൂടുതൽ സൈനികർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉദ്ദംപൂറിലെ സൈനിക ആശുപത്രിയിലേക്കാണ് എത്തിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് ഭീകരർ ഗുഹയ്ക്ക് അകത്ത് കുടുങ്ങിയ അവസ്ഥയിലാണ്. സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരർക്കും വെടിയേറ്റിട്ടുണ്ടെന്നാണ് വിവരം.