ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബംഗളൂരുവില്‍ സംഘര്‍ഷം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നോതാവ് അറസ്റ്റില്‍. മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു.

ബംഗളൂരുവില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം ഇന്നലെയാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.

സംഘര്‍ഷം ചെറുക്കാന്‍ കണ്ണീര്‍ വാതകവും, ലാത്തി ചാര്‍ജുമെല്ലാം പൊലീസിന് ഉപയോഗിക്കേണ്ടി വന്നു. തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ട് പേര്‍ മരിച്ചത്. അറുപതോളം പൊലീസുകാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, തന്റെ പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ട് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തി സന്ദേശം അയച്ചു. കെജി ഹള്ളിയിലും, ഡിജി ഹള്ളിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് കലാപം തുടങ്ങുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. എംഎല്‍എയുടെ വീടിന് മുമ്പില്‍ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

Top