ലഖിംപുരിലെ സംഘര്‍ഷം; കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ലഖിംപൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും, കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു.

കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരില്‍ വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്. പ്രിയങ്ക ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിതാപുര്‍ ഗസ്റ്റ് ഹൗസിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്.

അതേസമയം കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

Top