കര്‍ണാടകയില്‍ റിപ്പബ്ലിക് ദിനത്തില്‍ ഉയര്‍ത്തിയ പതാകയെ ചൊല്ലി സംഘര്‍ഷം

ര്‍ണാടകയിലെ മണ്ടിയയില്‍ റിപ്പബ്ലിക് ദിനത്തില്‍ ഉയര്‍ത്തിയ പതാകയെ ചൊല്ലി സംഘര്‍ഷം. മണ്ടിയയിലെ കെരഗുഡ് ഗ്രാമത്തില്‍ ദേശീയപതാകക്ക് പകരം ജെഡിഎസ് – ബിജെപി പ്രവര്‍ത്തകര്‍ ഹനുമാന്റെ ചിത്രമുള്ള കാവിക്കൊടി ഉയര്‍ത്തിയതോടെയാണ് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉടലെടുത്തത്. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ അധികൃതര്‍ എത്തി പോലീസ് സാന്നിധ്യത്തില്‍ കൊടി അഴിച്ചുമാറ്റി പകരം ദേശീയപതാക ഉയര്‍ത്തി. ഇതോടെ സംഘ്പരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റുപിടിച്ചു. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനു പിന്നാലെ പദയാത്രയുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി.

108 അടി നീളമുള്ള കൊടിമരമാണ് കെരെഗുഡിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്നത്. മത – രാഷ്ട്രീയ പരിപാടികള്‍ക്കായി കൊടിമരം ഉപയോഗിക്കുമെന്ന് ജില്ലാ ഭരണകൂടത്തിനു നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നെന്നാണ് പ്രതിഷേധക്കാരുടെ വാദം. പതാകയെച്ചൊല്ലി പ്രശ്‌നം രൂക്ഷമായതോടെ പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് ജെഡിഎസും ബിജെപിയും പ്രതിഷേധ പദയാത്ര സംഘടിപ്പിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കെരെഗുഡില്‍ പോലീസ് വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. ഹനുമാന്‍ ധ്വജ കൊടി മരത്തില്‍ പുനഃസ്ഥാപിക്കും വരെ സമരമെന്ന നിലപാടിലാണ് ജെഡിഎസും ബിജെപിയും.

ബിജെപിയുടെ ആരോപണത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. ജെഡിഎസും ബിജെപിയും കൈകോര്‍ത്തു മണ്ടിയയെ വര്‍ഗീയ രാഷ്ട്രീയത്തിനുള്ള പരീക്ഷണശാലയാക്കുകയാണെന്നും പ്രദേശവാസികള്‍ ഈ കെണിയില്‍ വീഴരുതെന്നും സിദ്ധരാമയ്യ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിനു ഒരു മതവിഭാഗത്തോടും പ്രത്യേക മമതയില്ല. ദേശീയപതാക ഉയരേണ്ട ഇടത്ത് അത് മാത്രമേ പാടുള്ളൂ. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയല്ലാത്ത പതാകകകള്‍ ഉയര്‍ത്തുന്നതില്‍ ഔചിത്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഹനുമാന്‍ ധ്വജ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശത്ത് ഇവര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ മുഖമാണ് ഹനുമാന്‍ ധ്വജ അഴിച്ചുമാറ്റിയതിലൂടെ വെളിവായിരിക്കുന്നതെന്നാണ് ജെഡിഎസിന്റെയും ബിജെപിയുടെയും ആക്ഷേപം. അതേസമയം, അവിടെ കൊടി മരം സ്ഥാപിക്കാന്‍ അനുമതി തേടുമ്പോള്‍ ദേശീയപതാക മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂവെന്ന നിബന്ധന വെച്ചിരുന്നതായും അത് ലംഘിക്കപ്പെട്ടതോടെയാണ് ഇടപെട്ടതെന്നും ജില്ലാഭരണ കൂടം വ്യക്തമാക്കി.

Top