ഖാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഖാസിയാബാദില്‍ ക്ലാസ്‌റൂമില്‍ പതിനൊന്നാം ക്ലാസുകാരന്‍ സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. അരയ്ക്കു താഴെ വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഖാസിയാബാദ് ഗോവിന്ദപുരം ഡറാഡൂണ്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ഥി വെടിയുതിര്‍ത്തത്.
വെടിയുതിര്‍ത്ത കുട്ടിയുടെ സഹോദരനും വെടിയേറ്റ കുട്ടിയുമായുള്ള പ്രശ്‌നത്തിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് കുട്ടികള്‍ തമ്മില്‍ അടിയും തുടര്‍ന്ന് വെടിവെപ്പും ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ സഹോദരനുമായുള്ള പ്രശ്‌നത്തില്‍ പ്രതികാരം ചെയ്യാനായി മൂന്നു സുഹൃത്തുക്കളുമായി ക്ലാസ് റൂമില്‍ എത്തിയ വിദ്യാര്‍ഥി വെടിയേറ്റ കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന ഉടനെ അധ്യാപകര്‍ കുട്ടികളെ പിടിച്ചു മാറ്റുകയായിരുന്നുവെന്നും ഒരു വട്ടം മാത്രമാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് വ്യക്തമാക്കി.
വെടിയുതിര്‍ക്കാനുപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി പൊലീസിന്റെ താല്‍ക്കാലിക കസ്റ്റഡിയിലാണ്. കുട്ടിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷച്ചു വരികയാണെന്നും ഇതിനായി കുട്ടിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്തു വരികായണെന്നും പൊലീസ് പറഞ്ഞു.