മുംബൈ: മുംബൈ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂളിന്റെ ശുചിമുറിയിലാണ് 13 വയസുകാരിയായ സുമിത്ര ശിവറാം ഹിർക്കുഡ എന്ന കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ പക്കൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ജവഹർ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെൻറ് പ്രോജക്ട് (ഐ.ടി.പി.ഡി) പദ്ധതിയിയുടെ കിഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ജനുവരി 21ന് പെൺകുട്ടി മാതാപിതാക്കളെ കാണാനായി പോയിരുന്നു. തുടർന്ന് 26 തീയതി തിരികെയെത്തിയതിന് ശേഷം പെൺകുട്ടി വസ്ത്രം കഴുകുന്നതിനായി ശുചിമുറിയിൽ പോകുന്നുവെന്ന് കൂട്ടുകാരോട് പറഞ്ഞു. ഏറെ നേരം കാണാതിരുന്നതിനാൽ സഹപാഠി സുമിത്രയെ അന്വേഷിച്ചു ബാത്ത്റൂമിൽ എത്തി. എന്നാൽ വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. പിന്നീട് ജനലിലൂടെ നോക്കിയപ്പോഴാണ് സുമിത്ര നൈലോൺ കയർ ഉപയോഗിച്ച് സീലിംഗിൽ തൂങ്ങി നിക്കുന്നത് കണ്ടത്. തുടർന്ന് സ്കൂൾ അധികൃതർ വിവരമറിയിക്കുകയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മരണകാരണം ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് ഫോറൻസിക്ക് പരിശോധനക്കായി അയച്ചുവെന്നും, കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കരുതുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.