തിരുവനന്തപുരം: ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മന്ത്രിമാര്‍ക്ക് ക്ലാസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വകുപ്പുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഭരണരംഗത്തെ ഇടപെടലും സംബന്ധിച്ചാണ് സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കുന്നത്.
ഈ മാസം 20ന് തുടങ്ങുന്ന ക്ലാസ് മൂന്നുദിവസം തിരുവനന്തപുരം ഐഎംജിയിലാണ് നടക്കുന്നത്. രാവിലെ മുതല്‍ ഉച്ചവരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും.
ഉദ്യോഗസ്ഥരെ വിശ്വസിച്ച് മന്ത്രിമാര്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ കൂടിയാണ് നടപടി. അധികാരത്തില്‍ എത്തി 100 ദിനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം എത്താത്തതും പരീശീലന പദ്ധതിയ്ക്ക് പിന്നില്‍ ഉണ്ട്. ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു.
രണ്ടു ദിവസമായിരുന്ന ക്ലാസ് മന്ത്രിമാരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് മൂന്നു ദിവസമാക്കി മാറ്റിയത്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.